11:05am 15 September 2026
NEWS
നാല് മാസത്തിലേറെയായി തടവിൽ കഴിയുന്ന റിജാസ് ആരുടെ കണ്ണിലെ കരട് ?
19/10/2025  01:18 PM IST
മൈക്കിൾ വർഗീസ് ചെങ്ങാടക്കരി
നാല് മാസത്തിലേറെയായി തടവിൽ കഴിയുന്ന റിജാസ് ആരുടെ കണ്ണിലെ കരട് ?

ആർ.എസ്.എസിന്റെ ആസ്ഥാന കേന്ദ്രമായ നാഗ്പൂരിലെ സെൻട്രൽ ജയിലിൽ നാല് മാസത്തിലേറെയായി തടവിൽ കഴിയുന്ന ഒരു മലയാളിയുണ്ട്. 2017 ൽ രൂപീകൃതമായ ഡെമോക്രാറ്റിക്ക് സ്റ്റുഡന്റ്‌സ് അസ്സോസിയേഷന്റെ (ഡി.എസ്.എ) സംസ്ഥാന സമിതിയംഗവും ആക്റ്റിവിസ്റ്റും മാധ്യമ പ്രവർത്തകനുമായ റിജാസ് എം ഷീബ സൈദീക്കിനെയാണ് (26) ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ  വകുപ്പുകൾ ചുമത്തി ജയിലിൽ അടച്ചത്. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ റിജാസ് പോസ്റ്റ് ചെയ്ത അഭിപ്രായങ്ങളുടെ പേരിൽ മഹാരാഷ്ട്ര പൊലീസിന്റെ ഭീകര വിരുദ്ധസ്‌ക്വാഡാണ് (എ.ടി.എസ്) റിജാസിനെ കസ്റ്റഡിയിലെടുത്തതും ഭീകരവിരുദ്ധ നിയമം ചുമത്തിയതും.

രാജ്യാന്തര മാധ്യമ സ്വാതന്ത്ര്യ ദിനാചരണവുമായി ബന്ധപ്പെട്ട് ന്യൂ ഡെൽഹിയിൽ നടന്ന യോഗത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ഭരണകൂടം അദ്ദേഹത്തെ ഇരുമ്പഴിക്കുള്ളിലാക്കിയത്. മേയ് മൂന്നിനായിരുന്നു ഡെൽഹിയിലെ യോഗം. ഇതിൽ പങ്കെടുത്ത ശേഷം സ്‌നേഹിത ഇഷാകുമാരിക്കൊപ്പം നാഗ്പൂരിലെ ഒരു ഹോട്ടലിൽ തങ്ങുമ്പോൾ മേയ് ഏഴിന് രാത്രി ലക്കഡ്ഗഞ്ച് പൊലീസാണ് എ.ടി.എസിന് വേണ്ടി റിജാസിനെ കസ്റ്റഡിയിലെടുത്തത്. ഈ സമയം ഹോട്ടലിന് പുറത്തായിരുന്ന ഇഷയെയും കസ്റ്റഡിയിലെടുത്തു. സ്‌നേഹിതയെ പിന്നീട് വിട്ടയച്ചെങ്കിലും റിജാസിനെ എ.ടി.എസിന് കൈമാറി.

രാജ്യത്തിനെതിരെ യുദ്ധം ചെയ്യൽ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ആദ്യം ചുമത്തിയത്. പഹൽഗാം കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഇന്ത്യ നടത്തുന്ന ഓപ്പറേഷൻ സിന്ദൂറിനെ റിജാസ് തുടക്കം മുതൽ ശക്തമായി എതിർത്തിരുന്നു. കൂട്ടക്കൊലയുടെ പേരിൽ ഇന്ത്യയിലെയും പാകിസ്ഥാനിലെയും നിരപരാധികളെ ശിക്ഷിക്കരുത് എന്നതായിരുന്നു നിലപാട്. നാഗ്പൂരിലെ ഒരു എയർഗൺ കടയിൽ ഇഷാകുമാരിക്കൊപ്പം എത്തിയ റിജാസ്  അവിടെ രണ്ട് തോക്കുമേന്തി നിൽക്കുന്ന ഫോട്ടോയെടുത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ലൈസൻസിഡ് ടു ഡിഫൻഡ് ആൻഡ് റെസിസ്റ്റ് എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. ഈ ഫോട്ടോയും അടിക്കുറിപ്പും ചില കേന്ദ്രങ്ങളെ  പ്രകോപിപ്പിച്ചു.

പിന്നിൽ ആർ.എസ്.എസ്?

പെട്ടെന്നുള്ള ഈ അറസ്റ്റിന് പിന്നിൽ ആരാണ് എന്ന സംശയം തുടക്കം മുതൽക്കേയുണ്ട്. ആർ.എസ്.എസിന്റെ ഭാഗത്ത് നിന്ന് സമ്മർദ്ദമുണ്ടെന്ന് അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥർ തന്നെ പറയുന്നുണ്ട്. ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസ്സോസിയേഷൻ കൺവീനറും ആക്റ്റിവിസ്റ്റുമായ നീഹാരിക 'കേരളശബ്ദ'ത്തോട് പറഞ്ഞു.'റിജാസ് നിരന്തരമായി സംഘപരിവാറിനെതിരെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ എഴുതിയിരുന്ന ലേഖനങ്ങൾ വളരെയധികം റീച്ചുള്ളവയായിരുന്നു. ഇത് ആർ.എസ്.എസിനെ അസ്വസ്ഥമാക്കി.'
കേന്ദ്ര ഏജൻസികളും റിജാസിന്റെ നീക്കങ്ങളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഡെൽഹിയിൽ നിന്നും നാഗ്പൂരിലെത്തുന്നത് ഉൾപ്പെടെയുള്ള നീക്കങ്ങൾ മഹാരാഷ്ട്രാ പൊലീസിനെ അറിയിച്ചതും കേന്ദ്ര ഏജൻസികൾ ആണെന്നാണ് സൂചന.
 'സോഷ്യൽ മീഡിയയിൽ ദേശവിരുദ്ധ പോസ്റ്റുകളിട്ട യുവാവ് നാഗ്പൂരിൽ എത്തിയതായി രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്തു എന്നാണ് ലക്കഡ്ഗഞ്ച് പൊലീസ് പറയുന്നത് ' റിജാസിന്റെ അഭിഭാഷകൻ തുഷാർ നിർമൽ സാരഥി 'കേരളശബ്ദ'ത്തോട് പറഞ്ഞു.

അറസ്റ്റ് ചെയ്തപ്പോൾ റിജാസിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ മാത്രമാണ് ചുമത്തിയത്. രാജ്യത്തിന് എതിരെ യുദ്ധം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആയുധങ്ങൾ കൈവശപ്പെടുത്തി എന്ന വകുപ്പായിരുന്നു ഇതിൽ പ്രധാനം. രണ്ട് തോക്കുമായി നിൽക്കുന്ന പോസ്റ്റാണ് 149 വകുപ്പ് ചുമത്താൻ കാരണം. ഈ തോക്കുകൾ എയർഗണ്ണുകൾ മാത്രമാണെന്ന് നാഗ്പൂരിലെ കടയുടമ തെളിവെടുപ്പിനിടെ പൊലീസിന് മൊഴി നൽകിയിട്ടും 149 വകുപ്പ് ഒഴിവാക്കാൻ എ.ടി.എസ് തയ്യാറായില്ല.

ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന റിജാസിനെ മൂന്നാമതും പോലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷമാണ് കൂടുതൽ ഗൗരവതരമായ യു.എ.പി.എ ചുമത്തിയത്. ഇതിനിടെ നാഗ്പൂർ പൊലീസും എ.ടി.എസും കൊച്ചി എളമക്കരയിലുള്ള റിജാസിന്റെ രക്ഷിതാക്കൾ താമസിക്കുന്ന ഫ്‌ളാറ്റിൽ പരിശോധന നടത്തി.ലാപ് ടോപ്പ് ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും ലഘുലേഖകളും ഇവിടെ നിന്ന് കിട്ടിയതായി  എ.ടി.എസ് അവകാശപ്പെടുന്നു. ഇതിന്റെ  അടിസ്ഥാനത്തിലാണ് യു.എ.പി.എയിലെ 38, 39 വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയത്. ഭീകരസംഘടനയിൽ അംഗമായിരിക്കുക, ഭീകരസംഘടനയെ സഹായിക്കുക എന്നിവയാണ് ഈ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ.
യു.എ.പി.എ ചുമത്തിയതോടെ 190 ദിവസ കാലയളവിലേക്ക് റിജാസിന് ജാമ്യത്തിന് അപേക്ഷിക്കാൻ പോലും സാധ്യമല്ലാത്ത സ്ഥിതിയായി. പൊലീസ് ലക്ഷ്യമിട്ടതും ഇതായിരുന്നു. ഈ കാലയളവിൽ അദ്ദേഹത്തെ കാണാൻ ഡി.എസ്.എ പ്രവർത്തകർക്കും സ്‌നേഹിതർക്കും അനുമതി നൽകിയില്ല. അഭിഭാഷകനുമായി വീഡിയോ കോൺഫറൻസിംഗിന് അവസരം ലഭിച്ചു.

റിജാസിന്റെ സ്വതന്ത്ര ചിന്താശക്തിയ്ക്ക് കൂച്ചുവിലങ്ങിടാനാണോ ഭരണകൂടം ആസൂത്രിത നീക്കം നടത്തിയത്? ഡെമോക്രാറ്റിക് സ്റ്റുഡന്റ് അസ്സോസിയേഷന് സി പി ഐ എം എൽ പോലെയുള്ള മാവോയിസ്റ്റ് സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്ന് എ.ടി.എസ് ആരോപിക്കുന്നു. റിജാസ് മാവോയിസ്റ്റ് നേതാക്കളുമായി സമ്പർക്കം പുലർത്തുന്ന ആളാണെന്നാണ് മറ്റൊരു കണ്ടെത്തൽ. കോളേജ് വിദ്യാഭ്യാസ കാലത്ത് എസ്.എഫ്.ഐ യുടെ സജീവ പ്രവർത്തകനായിരുന്ന റിജാസ് സംഘടനയുടെ ഇടപ്പള്ളി ഏരിയാ സെക്രട്ടറിയായിരുന്നു. പിൽക്കാലത്ത് എസ്.എഫ്.ഐ യുടെ നിലപാടുകളോട് യോജിക്കാനാകാതെയാണ് ഡി.എസ്.എ യിൽ ചേരുന്നത്. 

കാസർകോഡ് സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കേരളയിൽ നിന്ന് എം.എസ്.ഡബ്ല്യു ജയിച്ച ശേഷം നിരവധി ഓൺലൈൻ മാധ്യമ പോർട്ടലുകൾക്ക് വേണ്ടി പ്രവർത്തിക്കുകയാണ്. ഒബ്‌സർവർ പോസ്റ്റ്, മഖ്തൂബ് മീഡിയ, എഷ്യൻ സ്പീക്ക്‌സ്, അറോറ ഓൺലൈൻ, കൗണ്ടർ കറന്റ്‌സ് എന്നിവ ഇതിലുൾപ്പെടും.
ഭരണകൂട ഭീകരത , ന്യൂനപക്ഷ പീഡനം, മനുഷ്യാവകാശ ലംഘനം  എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് റിജാസ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. സായി ബാബയെപ്പോലെയുള്ള മാവോയിസ്റ്റ് നേതാക്കളുമായും സമ്പർക്കം പുലർത്തി. കേരള പൊലീസിന്റെ ഇന്റലിജൻസ് വിഭാഗവും റിജാസിന്റെ നീക്കങ്ങളെ നിരീക്ഷിക്കുകയായിരുന്നു.

മുൻ എസ്.എഫ്.ഐ ക്കാരനായ റിജാസ് കേരള സർക്കാരിന്റെ കണ്ണിലും കരടായി. 2023-ൽ എട്ടു പേരുടെ മരണത്തിനിടയാക്കിയ കളമശേരിയിലെ യഹോവ സാക്ഷികളുടെ കൺവെൻഷനിലുണ്ടായ സ്‌ഫോടനത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മുസ്ലിം സമുദായംഗത്തെ പൊലീസ് ചോദ്യം ചെയ്തതിനെ റിജാസ് ശക്തമായി എതിർത്തിരുന്നു. സംഭവത്തിൽ വർഗീയത കലർത്താനുള്ള ശ്രമത്തെയെയാണ് റിജാസും കൂട്ടരും എതിർത്തത്.
ഇഃിന്റെ ഭാഗമായി കൊച്ചി മറൈൻഡ്രൈവിൽ നടന്ന നവകേരള  സദസ്സിൽ പ്രതിഷേധിച്ച റിജാസിനും ഡി.എസ്.എ പ്രവർത്തകൻ മുഹമ്മദ് ഹനീനനും സി.പി.എം , ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ മർദ്ദനമേറ്റു.. ഇരുവരെയും എറണാകുളം സെൻട്രൽ പൊലീസ് കരുതൽ തടങ്കലിലെടുത്താണ് വിട്ടയച്ചത്.

കഴിഞ്ഞ ഏപ്രിൽ 29-ന് കൊച്ചി പനമ്പിള്ളി നഗർ സെന്റർ പാർക്കിൽ റിജാസിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സൈന്യത്തിനെതിരെ  പ്രതിഷേധിച്ച എട്ടുപേരെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കാഷ്മീരിലെ വീടുകൾ സൈന്യം തകർക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം. ഐ.ബി ഉദ്യോഗസ്ഥരുൾപ്പെടെ സ്ഥലത്ത് നിരീക്ഷണത്തിന് ഉണ്ടായിരുന്നു. ഈ രണ്ട് സംഭവങ്ങളുമാണ് റിജാസിനെ കേരള പൊലീസിന്റെ റഡാറിൽ കൊണ്ടുവന്നത്.
പി.ഡി.പി നേതാവ് അബ്ദുൾ നാസർ മദനിക്ക് നേരിട്ടതു പോലെ റിജാസിനും അനിശ്ചിതമായി കേസിൽ കുടുങ്ങി വിചാരണത്തടവുകാരനായി ജീവിതകാലം മുഴുവൻ കഴിയേണ്ടി വരുമോ എന്ന ആശങ്കയിലാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ബന്ധുക്കളും.

'കേരള സർക്കാരിന് ഇരട്ടത്താപ്പ്': ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസ്സോസിയേഷൻ കൺവീനർ നീഹാരിക

റിജാസ് സോളിഡാരിറ്റി ഫോറം എന്ന സംഘടനയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ മോചനത്തിനായി കേരളത്തിൽ  ഒപ്പ് ശേഖരണം ഉൾപ്പെടെ നടക്കുന്നു. ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസ്സോസിയേഷൻ (ഡി.എസ്.എ), ഫ്രണ്ട്‌സ് ഓഫ് പലസ്തീൻ, അഡ്വ ഷൈനയുടെ നേതൃത്വത്തിലുള്ള ജസ്റ്റിസ് ഫോർ പ്രിസണേഴ്‌സ് തുടങ്ങി നിരവധി സംഘടനകളുടെ കൂട്ടായ്മയാണിത്.റിജാസ് സോളാഡാരിറ്റി ഫോറത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 13-ന് വൈകിട്ട് എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറിൽ സംഘടിപ്പിച്ച സമ്മേളന സ്ഥലത്തേക്ക് എറണാകുളം സെൻട്രൽ പോലീസ് കടന്നു കയറി രണ്ട് പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും 13 പേർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. മന: പൂർവ്വം പ്രകോപനമുണ്ടാക്കിയാണ് ഡോ.ഹരി ഉൾപ്പെടെ രണ്ട് മനുഷ്യാവകാശ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതെന്ന് ഡി.എസ്.എ കൺവീനർ നീഹാരിക 'കേരളശബ്ദ'ത്തോട് പറഞ്ഞു.

കേരള പോലീസിന്റെ ഈ നടപടിയെ എങ്ങനെ കാണുന്നു?

സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് ഇത് വ്യക്തമാക്കുന്നത്. വഞ്ചി സ്‌ക്വയറിൽ നടത്തിയ സമ്മേളനം യു.എ.പി.എ നിയമത്തിന് എതിരായത് കൂടിയായിരുന്നു. യു.എ.പി.എ ചുമത്തി ജയിലിൽ അടച്ച രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കണം എന്നത് സി.പി.എമ്മിന്റെ നയമാണ്. എന്നിട്ടും വഞ്ചിസ്‌ക്വയറിൽ യോഗം ചേർന്നതിന്റെ പേരിൽ പ്രവർത്തകരെ  അറസ്റ്റ് ചെയ്യുകയും എഫ്.ഐ.ആർ എടുക്കുകയും ചെയ്തു.
 പലസ്തീൻ ഐക്യദാർഢ്യത്തിന്റെ കാര്യത്തിലും ഇതാണ് സ്ഥിതി. എറണാകുളത്തും കോഴിക്കോടും നടത്തിയ പലസ്തീൻ ഐക്യദാർഢ്യ പ്രകടനങ്ങൾക്കെതിരെ കേരള പോലീസ് കേസെടുത്തു.  ഇക്കാര്യത്തിൽ സെലക്റ്റീവായ സമീപനമാണ് സർക്കാരും പോലീസും സ്വീകരിക്കുന്നത്. വഞ്ചിസ്‌ക്വയറിൽ സിനിമാതാരങ്ങൾ പങ്കെടുത്ത ഐക്യദാർഢ്യത്തിനെതിരെ കേസെടുത്തില്ല.

റിജാസിന്റെ മോചനത്തിൽ കേരള സർക്കാരിന്റെ സഹായം തേടിയിട്ടുണ്ടോ?

 ഇക്കാര്യത്തിൽ സർക്കാർ സ്വമേധയാ ഇടപെട്ടിട്ടില്ല. മലയാളിയായ പത്രപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമാണ് റിജാസ്. മാവോയിസ്റ്റ് നേതാവായ രൂപേഷിന്റെ കാര്യത്തിലായാലും റിജാസിന്റെ കാര്യത്തിലായാലും രാജ്യവ്യാപകമായി ഭരണകൂടങ്ങൾ തമ്മിൽ ഒരു ഐക്യം നിലനിൽപ്പുണ്ട്. രൂപേഷിനെതിരെ കേസെടുത്ത് ജയിലിൽ അടച്ചപ്പോൾ കേരളത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് അദ്ദേഹത്തിനെ അറസ്റ്റ് ചെയ്യാനും ജയിലിൽ അടക്കാനും കർണാടക, തമിഴ്‌നാട് സർക്കാരുകൾക്ക് കേരള സർക്കാർ അവസരമൊരുക്കി കൊടുത്തത്.

റിജാസിന്റെ മോചനത്തിന് വേണ്ടി ഇപ്പോൾ എന്താണ് ചെയ്യുന്നത്?

 ഒപ്പുശേഖരണത്തിന് ശേഷം മുഖ്യമന്ത്രിയെ കാണുന്നത് ആലോചനയിലാണ്. റിജാസിന്റെ മോചനവിഷയത്തിൽ കേരള സർക്കാർ ഇടപെടണം. വഞ്ചി സ്‌ക്വയറിൽ നിയമാനുസൃതം യോഗം ചേർന്നവർക്ക് എതിരെ ചുമത്തിയ കള്ളക്കേസുകൾ പിൻവലിക്കുകയും അതിക്രമം കാട്ടിയ പോലീസുകാർക്ക് എതിരെ നടപടിയെടുക്കുകയും വേണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img